ആലക്കോട് : മരണത്തിന്റെ ആഴക്കയത്തിലേയ്ക്ക് മുങ്ങിത്താണുകൊണ്ടിരിക്കുന്ന മനുഷ്യനെ നിസ്സഹായതയോടെ നോക്കിനിൽക്കുന്ന ജനക്കൂട്ടം. പുഴയ്ക്ക് കുറുകെ ...
ആലക്കോട് : മരണത്തിന്റെ ആഴക്കയത്തിലേയ്ക്ക് മുങ്ങിത്താണുകൊണ്ടിരിക്കുന്ന മനുഷ്യനെ നിസ്സഹായതയോടെ നോക്കിനിൽക്കുന്ന ജനക്കൂട്ടം. പുഴയ്ക്ക് കുറുകെ നിർമ്മിച്ച കോൺക്രീറ്റ് പാലത്തിൽ തിങ്ങിക്കൂടിയ ജനക്കൂട്ടം വാഹനഗതാഗതം തടസ്സപ്പെടുത്തിയിരിക്കുന്നു. അപ്പോൾ അതുവഴി വന്ന വാഹനത്തിലുണ്ടായിരുന്ന ഒരു ചെറുപ്പക്കാരൻ വാഹനത്തിൽ നിന്നും ഇറങ്ങി വന്ന് ജനക്കൂട്ടത്തിനിടയിലൂടെ നോക്കുമ്പോൾ അറുപതടി താഴ്ചയിലുള്ള പുഴയിൽ ഒരാൾ മുങ്ങിത്താഴുന്നതാണ് കാണുന്നത്. കൂടുതലൊന്നും ആലോചിക്കാതെ ആ യുവാവ് പാലത്തിൽ നിന്നും പുഴയിലേയ്ക്ക് എടുത്തുചാടി മരണത്തോടു മല്ലടിക്കുന്നയാളെ രക്ഷപ്പെടുത്തി.ഇക്കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിക്കും കൊട്ടിയത്തിനുമിടയിലുള്ള സ്ഥലത്താണ് തേവലക്കര സ്വദേശിയായ യുവാവിനെ അതിസാഹസികമായ ഈ രക്ഷാപ്രവർത്തനത്തിലൂടെ ആലക്കോട് സ്വദേശി രക്ഷിച്ചത്. ഒരു മനുഷ്യജീവനെ മരണത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടുത്തി കൊല്ലംകാരുടെ മുക്തകണ്ഠമായ പ്രശംസയാണ് ആലക്കോട് പഞ്ചായത്തിലെ രയരോത്തിനടുത്തുള്ള മൂലോത്തുംകുന്നിലെ സോളമൻ ഏറ്റുവാങ്ങിയത്.നിരവധി പേർ നോക്കിനിൽക്കെയാണ് ചെളിനിറഞ്ഞ് അപകടം പതിയിരിക്കുന്ന കായലിലേക്ക് പുഴയിൽ നീന്തിയ പരിചയം വച്ച് സോളമൻ എടുത്തുചാടിയത്.ഫയർഫോഴ്സും വള്ളക്കാരും ചേർന്ന് ഇരുവരെയും കരയ്‌ക്കെത്തിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ വളരെ അപകടാവസ്ഥയിലായിരുന്നയാൾ സുഖം പ്രാപിച്ചതോടെ അവിടെ നിന്നും നാട്ടിലേയ്ക്കു തിരിച്ച സോളമനെ തേടി അഭിനന്ദന പ്രവാഹമാണ്. ഞായറാഴ്ച രയരോത്ത് നടക്കുന്ന ഗ്രാമസഭയിൽ സോളമൻ ജന്മനാടിന്റ പൗരസ്വീകരണം ഏറ്റുവാങ്ങും.രയരോം പുഴയിൽ നീന്തിയുള്ള പരിചയമാണ് സോളമനെ അതിസാഹസികതയ്ക്ക് പ്രേരിപ്പിച്ചത്.
മൂലോത്തുംകുന്നിലെ കുറുപ്പംപറമ്പിൽ അപ്പച്ചൻ -ബസിനി ദമ്പതികളുടെ മകനായ സോളമൻ മംഗളൂരുവിൽ ഫിസിയോതെറാപ്പിയിൽ ഇന്റേണൽഷിപ്പ് ചെയ്യുകയാണ്. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് കൊല്ലത്തെത്തിയത്. വിവാഹശേഷം മറ്റൊരു സുഹൃത്തിനെ കാണുവാനായി കൊട്ടിയത്തേയ്ക്ക് പോകുംവഴിയാണ് ദൈവനിയോഗം പോലെ ഒരു മനുഷ്യജീവനെ രക്ഷപ്പെടുത്താൻ സാധിച്ചത്.

COMMENTS