തൃക്കരിപ്പൂർ ∙ നിർമാണത്തിൽ അപാകതയുണ്ടെന്ന പരാതിയെ തുടർന്ന് ചന്തേര–തൃക്കരിപ്പൂർ–ഒളവറ റോഡിലും അനുബന്ധമായി നിർമിച്ച ഓവുചാലും കാസർകോട് വിജിലൻസ...
തൃക്കരിപ്പൂർ ∙ നിർമാണത്തിൽ അപാകതയുണ്ടെന്ന പരാതിയെ തുടർന്ന് ചന്തേര–തൃക്കരിപ്പൂർ–ഒളവറ റോഡിലും അനുബന്ധമായി നിർമിച്ച ഓവുചാലും കാസർകോട് വിജിലൻസ് സംഘം പരിശോധിച്ചു. കാലിക്കടവ് ദേശീയ പാതയോട് ചേർന്ന് ആരംഭിച്ച് ഒളവറ പാലം വരെ 11 കിലോ മീറ്റർ ദൈർഘ്യത്തിലുള്ള റോഡിൽ രണ്ടു വർഷം മുൻപ് മെക്കാഡം ചെയ്തിരുന്നു. എസ്റ്റിമേറ്റ് പ്രകാരം നിർമാണം നടത്തിയില്ലെന്നായിരുന്നു റോഡിനെക്കുറിച്ചുള്ള പരാതി. ഇതേ തുടർന്ന് കാലിക്കടവ് മുതൽ തൃക്കരിപ്പൂർ ഇകെ നായനാർ ഗവ.പോളിടെക്നിക് കോളജ് വരെയുള്ള ഭാഗത്ത് കാസർകോട് വിജിലൻസ് സർക്കിൾ ഇൻസ്പെക്ടർ സിബി തോമസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. അനുബന്ധമായി പണിത ഓവുചാലിൽ തെക്കെ മാണിയാട്ട് ഭാഗത്തെ നിർമാണത്തിൽ ആദ്യ പരിശോധനയിൽ തന്നെ വിജിലൻസ് സംഘം അപാകത കണ്ടെത്തി. ഓവുചാലിന്റെ പാർശ്വഭിത്തികളുടെ സിമന്റ് ഉൾപ്പെടെ ഇളകിയത് കാണാനായെന്ന് സിഐ സിബി തോമസ് പറഞ്ഞു.
അപാകത പരിഹരിക്കുന്നതിനുള്ള നിർദേശവും നൽകിയിട്ടുണ്ട്. പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിന്റെ ഓഫിസിലും പരിശോധന നടത്തി. സീനിയർ സിവിൽ പൊലീസ് ഓഫിസർ മനോജ് കുമാർ, മധുസൂദനൻ, ചെറുകിട ജലസേചന വകുപ്പ് അസി.എക്സി.എൻജിനീയർ മുഹമ്മദ് കുഞ്ഞി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

COMMENTS