കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരം സ്പര്‍ശിച്ച് പുതിയ സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ ലഭിക്കാന്‍ നോട്ടിഫൈഡ് വ്യവസ്ഥ തടസമാകുന്നു. പുതിയ ബസ് സ്റ്റാന്...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരം സ്പര്‍ശിച്ച് പുതിയ സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ ലഭിക്കാന്‍ നോട്ടിഫൈഡ് വ്യവസ്ഥ തടസമാകുന്നു. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും കാഞ്ഞങ്ങാട് നഗരം വഴി മാവുങ്കാല്‍ വരെ അഞ്ച് കിലോ മീറ്ററിലധികം ദൂരമുള്ളതാണ് പെര്‍മിറ്റ് ലഭിക്കാന്‍ തടസമാകുന്നത്. മലയോരത്തേക്കുള്ള ബസുകള്‍ നേരത്തെ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നും മാവുങ്കാല്‍ വരെയുള്ള 3.1 കിലോ മീറ്റര്‍ മാത്രം നോട്ടിഫൈഡ് റൂട്ടില്‍ സര്‍വീസ് നടത്തിയാല്‍ മതിയായിരുന്നു. എന്നാല്‍ കാഞ്ഞങ്ങാട് നഗരത്തില്‍ എത്തുന്ന എല്ലാ ബസുകളും പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും സര്‍വീസ് ആരംഭിക്കണം എന്ന വ്യവസ്ഥയാണ് വെല്ലുവിളിയാകുന്നത്.
പുതിയ സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ ആരംഭിക്കാന്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.
ആകെ ഓടുന്ന റൂട്ട് ദൈര്‍ഘ്യത്തില്‍ ദേശസാല്‍ക്കൃത റൂട്ടുകളില്‍ പരമാവധി അഞ്ച് കിലോ മീറ്ററോ, അല്ലെങ്കില്‍ അഞ്ച് ശതമാനമോ മാത്രമേ അനുമതി നല്‍കൂ. പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നും പുതിയ ബസ് സ്റ്റാന്‍ഡ് വരെ കൂടുതലായി ഓടേണ്ടി വരുമ്ബോള്‍ ദൂരം 5.1 കിലോ മീറ്ററാകും. ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് പോലും പെര്‍മിറ്റ് ലഭിക്കാന്‍ ഈ വ്യവസ്ഥ പ്രയാസം സൃഷ്ടിക്കും.
ഫെബ്രുവരി 26 ന് ചേര്‍ന്ന കാസര്‍കോട് ആര്‍.ടി.എ. യോഗത്തില്‍ ഇത്തരത്തില്‍ രണ്ട് അപേക്ഷകളാണ് സാങ്കേതിക കുരുക്ക് കാരണം മാറ്റി വെച്ചത്. യാത്രാ സൗകര്യം പരിമിതമായ തലപ്പച്ചേരി-കുറ്റിക്കോല്‍-അടൂര്‍-ഉദയപുരം-ഒടയംചാല്‍-കല്ല്യോട്ട്-പാറപ്പള്ളി-കാഞ്ഞങ്ങാട് റൂട്ടിലേക്ക് നല്‍കിയ അപേക്ഷയാണ് പരിഗണിക്കാത്തതില്‍ ഒന്ന്. 5.1 കിലോ മീറ്റര്‍ ദൂരം ദേശസാല്‍കൃത പാതയിലൂടെ ഓടുന്നതിനാല്‍ യാതൊരു കാരണവശാലും അനുമതി നല്‍കരുതെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ വാദിച്ചതോടെയാണ് അപേക്ഷ മാറ്റിയത്.
76.10 കിലോ മീറ്റര്‍ ദൂരമാണ് ഈ ബസ് അപേക്ഷിച്ച റൂട്ടിന്റെ ദൈര്‍ഘ്യമെന്നും അതിനാല്‍ 3.8 കിലോ മീറ്റര്‍ ദൂരം മാത്രമേ ദേശസാല്‍കൃത പാതയില്‍ അനുവദിക്കാന്‍ സാധിക്കൂ എന്നും കെ.എസ്.ആര്‍.ടി.സി വാദിക്കുന്നു. അതോടൊപ്പം പള്ളഞ്ചി മുതല്‍ പാണ്ടി വരെ നീളുന്ന 2.8 കിലോ മീറ്റര്‍ ഭാഗം വനത്തിനുള്ളിലൂടെയാണ് കടന്നു പോകുന്നത്. ഈ റോഡിന്റെ നിലവാരം മോശമായതിനാല്‍ അനുവദിക്കാനാകില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടിലും പറയുന്നു. മറ്റ് യാത്രാ സൗകര്യങ്ങള്‍ ഒന്നും ഇല്ലാത്ത പ്രദേശത്തേക്ക് കെ.എസ്.ആര്‍.ടി.സി. സര്‍വീസുകളൊന്നും ഇല്ലെന്നിരിക്കെയാണ് ഇത്തരം പ്രതിസന്ധി.
ഈ ബസ് സര്‍വീസിന് അപേക്ഷിച്ച റൂട്ടില്‍ പാറപ്പള്ളി മുതല്‍ കൊട്ടോടി വരെ 15 കിലോ മീറ്റര്‍ ദൂരവും ദേവറടുക്കം മുതല്‍ പള്ളങ്കി വരെ 15 കിലോ മീറ്റര്‍ ദൂരത്തിലും വേറെ ഒരു ബസുമില്ല. നിലവില്‍ വാവടുക്കം, മൂന്നാംകടവ്, ആയംകടവ്, കൊളത്തൂര്‍, മാണിമൂല എന്നിവിടങ്ങളിലൊക്കെ നല്ല റോഡുണ്ടെന്നും പക്ഷെ, ജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ബസില്ലെന്നും നാട്ടുകാരനായ ഭരതന്‍ പറയുന്നു. മാസം നാല്‍പതിനായിരത്തിലേറെ ലോണ്‍ അടവുള്ള ബസ് വാങ്ങി പെര്‍മിറ്റ് കിട്ടാതെ കുടുങ്ങി പോയതായി ഉടമകളും സങ്കടത്തോടെ പറഞ്ഞു. കാഞ്ഞങ്ങാട്-അടുക്കം-പാണത്തൂര്‍-കല്ല്യോട്ട്-ഉദയപുരം-കൊട്ടോടി-ഒടയംചാല്‍ റൂട്ടിലാണ് രണ്ടാമത്തെ ബസ് പെര്‍മിറ്റിന് അപേക്ഷിച്ചത്. ഈ ബസിന് 80.40 കിലോ മീറ്റര്‍ ദൂരം ഗ്രാമീണ റൂട്ടില്‍ ഓടാന്‍ അനുമതി തേടിയിട്ടും 5.1 കിലോ മീറ്റര്‍ ഭാഗം ദേശസാല്‍കൃത പാതയിലായതിനാല്‍ അനുമതി ലഭിച്ചില്ല. അതേസമയം നിയമം ഇങ്ങനെയായിരിക്കെ കെ.എസ്.ആര്‍.ടി.സിയുടെ പ്രതിനിധിയായി പങ്കെടുക്കുന്നവര്‍ തടസവാദം ഉന്നയിച്ചില്ലെങ്കില്‍ പിന്നീട് പഴി കേള്‍ക്കേണ്ടി വരുമെന്ന് അധികൃതരും സമ്മതിക്കുന്നു. സര്‍ക്കാരിന് മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാകൂ എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

COMMENTS