ചിറ്റാരിക്കാൽ ∙ യുവാവിന്റെ മരണത്തിൽ ശരിയായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കോളനി നിവാസികൾ പ്രതിഷേധിച്ചതിനെത്തുടർന്നു സംസ്കാരം വൈകി.കടുമേന...
ചിറ്റാരിക്കാൽ ∙ യുവാവിന്റെ മരണത്തിൽ ശരിയായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കോളനി നിവാസികൾ പ്രതിഷേധിച്ചതിനെത്തുടർന്നു സംസ്കാരം വൈകി.കടുമേനി സർക്കാരി കോളനിയിലെ പാപ്പിനി വീട്ടിൽ രാമകൃഷ്ണന്റെ സംസ്കാരമാണ് വൈകിയത്. ചൊവ്വാഴ്ചയാണ് വീടിനടുത്തുള്ള പുറമ്പോക്ക് ഭൂമിയിലെ കാട്ടിനുള്ളിൽ നിലത്ത് മരിച്ച നിലയിൽ രാമകൃഷ്ണനെ കണ്ടത്. ബുധനാഴ്ച വൈകിട്ടു മൂന്നോടെ മൃതദേഹം വീട്ടിലെത്തി. മരണത്തിൽ സംശയമുണ്ടെന്നും അന്വേഷണം നടത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ടു കോളനി നിവാസികൾ ശവം മറവു ചെയ്യാൻ സമ്മതിച്ചില്ല.
ചിറ്റാരിക്കാൽ പൊലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയതോടെയാണ് ഇവർ വഴങ്ങിയത്. ചൊവ്വാഴ്ച കണ്ടെത്തിയ മൃതദേഹത്തിൽ കഴുത്തിൽ തോർത്തുമുണ്ട് കെട്ടിയിട്ട നിലയിൽ ഉണ്ടായിരുന്നതായും തൂങ്ങി മരണമെന്നാണ് പോസ്റ്റ് മോർട്ടം ചെയ്ത ഉദ്യോഗസ്ഥർ സൂചിപ്പിച്ചതെന്നും കോളനി നിവാസികൾ പറഞ്ഞു. തിങ്കളാഴ്ച രാത്രി 10 മുതൽ രാമകൃഷ്ണനെ കാണാനില്ലായിരുന്നെന്നു വീട്ടുകാർ പറയുന്നു. സംഭവത്തിൽ ശരിയായ ദിശയിൽ അന്വേഷണം പുരോഗമിക്കുകയാണെന്നു ചിറ്റാരിക്കാൽ സബ് ഇൻസ്പെക്ടർ പറഞ്ഞു.

COMMENTS