കൊച്ചി∙ ആന്ധ്രയിൽ നിന്നെത്തിച്ച് ഇടുക്കി സ്വദേശിക്കു കൈമാറി ആന്ധ്ര കഞ്ചാവിനെ നീലച്ചടയനാക്കുന്ന തന്ത്രം പൊളിച്ച് റെയിൽവേ സംരക്ഷണ സേന ആന്റി ന...
കൊച്ചി∙ ആന്ധ്രയിൽ നിന്നെത്തിച്ച് ഇടുക്കി സ്വദേശിക്കു കൈമാറി ആന്ധ്ര കഞ്ചാവിനെ നീലച്ചടയനാക്കുന്ന തന്ത്രം പൊളിച്ച് റെയിൽവേ സംരക്ഷണ സേന ആന്റി നാർക്കോട്ടിക് സ്ക്വാഡ്. വിശാഖപട്ടണത്തുനിന്നു ട്രെയിനിൽ എറണാകുളത്തേക്ക് കടത്തുകയായിരുന്ന 10.62 ലക്ഷം രൂപ വിലവരുന്ന 42 കിലോ കഞ്ചാവാണ് പരിശോധനയിൽ കണ്ടെത്തിയത്. സംഭവത്തിൽ രണ്ടു പേർ പിടിയിലായി. മലപ്പുറം സ്വദേശിയായ തോട്ടു നഗപ്പുരയ്ക്കൽ നിധിൻനാഥ് (26) കർണ്ണാടകയിൽ സ്ഥിരതാമസക്കാരനായ മലയാളി സുധീർ കൃഷ്ണൻ (45) എന്നിവരാണ് പിടിയിലായത്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വിതരണത്തിനായി ആന്ധ്രയിലെ പ്രാദേശിക വിപണിയിൽനിന്നു കഞ്ചാവ് ശേഖരിച്ച് കടത്തിക്കൊണ്ടുവരികയായിരുന്നു എന്നു ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചിട്ടുണ്ട്. കൊച്ചിയിലെത്തിച്ച് ഇടുക്കി സ്വദേശിയായ ആൾക്കു കൈമാറുകയായിരുന്നു ഉദ്ദേശം. ഇടുക്കി സ്വദേശിക്കു കൈമാറുന്നതോടെ അവിടെ നിന്നുള്ള നീലച്ചടയൻ കഞ്ചാവ് എന്ന വ്യജേന എറണാകുളത്തും മറ്റു ജില്ലകളിലും ഏജന്റുമാരുടെ സഹായത്തോടെ വിതരണം ചെയ്യുകയാണ് ഇവരുടെ പതിവ്. നീലച്ചടയന് കേരള വിപണിയിലുള്ള ഡിമാൻഡ് പരിഗണിച്ച് ഉയർന്ന വിലയ്ക്കാണ് വിൽക്കുന്നത്.സുധീർ കൃഷ്ണൻ എന്നയാൾ ഇത് നാലാം തവണയാണ് വലിയ അളവിൽ ലഹരി കേരളത്തിലേക്ക് എത്തിക്കുന്നത്. നിധിൻ ആദ്യമായാണെന്നും ചോദ്യം ചെയ്യലിൽ പറഞ്ഞു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ട്രെയിനുകളിൽ ആർപിഎഫ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. റെയിൽവേ സംരക്ഷണ സേന ആന്റി നാർക്കോട്ടിക് സ്ക്വാഡ് സബ് ഇൻസ്പെക്ടർമാരായ പി.വി. രാജു, ഡെറിൻ ടി. റോയി, ഹെഡ് കോൺസ്റ്റബിൾ അജി, കോൺസ്റ്റബിൾ ഡോൺ ജോൺ എന്നിവരാണ് ലഹരിക്കടത്തു സംഘത്തെ പിടികൂടിയത്.
ഈ വർഷം റെയിൽവേ സംരക്ഷണ സേന ട്രെയിനിൽ കടത്താൻ ശ്രമിച്ച 60 ലക്ഷം രൂപയിൽ അധികം വിലവരുന്ന കഞ്ചാവ് ഇതിനകം പിടികൂടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ ആർപിഎഫ് ആന്റി നാർകോട്ടിക് സ്ക്വാഡ് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് ഐആർപിഎഫ്എസ് തിരുവനന്തുപരം m
ഡിവിഷൻ സെക്യൂരിറ്റി കമ്മിഷണർ തൻവി പി. ഗുപ്ത അറിയിച്ചു.

COMMENTS