തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി, കോണ്‍ഗ്രസ്, ലീഗ് വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന ബി.ജെ.പി നേതാവും എം.എല്‍....
തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി, കോണ്‍ഗ്രസ്, ലീഗ് വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന ബി.ജെ.പി നേതാവും എം.എല്‍.എയുമായ ഒ. രാജഗോപാല്‍. കോ-ലീ-ബി സഖ്യമുണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ അദ്ദേഹം നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു സഖ്യമെന്നും ഇത് ബി.ജെ.പിക്ക് നേട്ടമായെന്നും ഒരു പ്രമുഖ വാര്‍ത്താച്ചാനലിനോട് പറഞ്ഞു.
വടക്കന്‍ കേരളത്തിലായിരുന്നു സഖ്യം കൂടുതല്‍. പ്രാദേശിക തലത്തിലായിരുന്നു ധാരണ. മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബി.ജെ.പിയുടെ വോട്ടുകള്‍ കൂടാന്‍ ഇത് കാരണമായി. പ്രായോഗിക രാഷ്ട്രീയത്തില്‍ അഡ്ജസ്റ്റ്‌മെന്റ് വേണ്ടി വരും. അഡ്ജസ്റ്റ്‌മെന്റ് നേതൃതലത്തില്‍ അറിഞ്ഞാല്‍ മതി.ജനങ്ങളോട് പറയേണ്ട കാര്യമില്ലെന്നും രാജഗോപാല്‍ പറഞ്ഞു.
അതേസമയം എല്‍.ഡി.എഫുമായി ബി.ജെ.പി വോട്ടുകച്ചവടം നടത്തിയെന്ന ബാലശങ്കറിന്റെ ആരോപണം അസംബന്ധമാണെന്നും രാജഗോപാല്‍ പറഞ്ഞു. സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ഡീലുണ്ടെന്ന ആരോപണം നിഷേധിച്ച അദ്ദേഹം ബാലശങ്കര്‍ ആരോ പറയുന്നത് ഏറ്റുപറയുകയാണെന്നും അഭിപ്രായപ്പെട്ടു.
മുന്‍പ് ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്ന കെ. കുഞ്ഞിക്കണ്ണന്‍ ബി.ജെ.പി നേതാവായിരുന്ന കെ. ജി. മാരാരെക്കുറിച്ച് എഴുതിയ 'കെ. ജി. മാരാര്‍: രാഷ്ട്രീയത്തിലെ സ്‌നേഹസാഗരം' എന്ന പുസ്തകത്തിലും കോ-ലീ-ബി സഖ്യം സത്യമാണെന്ന തരത്തില്‍ നിരവധി പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മാരാരുടെ ജീവചരിത്രത്തിലെ 'പാഴായ പരീക്ഷണം' എന്ന അദ്ധ്യായത്തിലാണ് ഇത്തരത്തിലുളള പരാമര്‍ശങ്ങള്‍ ഉളളത്.

COMMENTS