പൊയിനാച്ചി: പടലപ്പിണക്കങ്ങൾ മാറ്റിവെച്ച് ഒരുമാലയിലെ പുഷ്പങ്ങളെപ്പോലെ നേതാക്കളും പ്രവർത്തകരും ഒരുമിച്ച് അണിനിരന്നാൽ ഉദുമ മണ്ഡലം യു.ഡി.എഫിന് ...
പൊയിനാച്ചി: പടലപ്പിണക്കങ്ങൾ മാറ്റിവെച്ച് ഒരുമാലയിലെ പുഷ്പങ്ങളെപ്പോലെ നേതാക്കളും പ്രവർത്തകരും ഒരുമിച്ച് അണിനിരന്നാൽ ഉദുമ മണ്ഡലം യു.ഡി.എഫിന് തിരിച്ചുപിടിക്കാമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മേൽപ്പറമ്പിൽ ചൊവാഴ്ച ഉച്ചയ്ക്ക് നടന്ന യു.ഡി.എഫ്. പ്രവർത്തകരുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ്. സർക്കാർ തന്നെ ഇത്തവണ അധികാരത്തിൽ വരും. ആർക്കും തർക്കം വേണ്ട. ആരൊക്കെ എന്തൊക്കെ സർവേ നടത്തിയാലും ജനങ്ങളുടെ അന്തിമസർവേ യു.ഡി.എഫിന് അനുകൂലമായിരിക്കും. 140 മണ്ഡലങ്ങളിലായി നാലുലക്ഷം വ്യാജ വോട്ടുകളുടെ ആത്മവിശ്വാസത്തിലാണ് തുടർഭരണമുണ്ടാകുമെന്ന് എൽ.ഡി.എഫ്. കരുതുന്നത്. പഞ്ചായത്ത്തലത്തിലുള്ള കള്ളവോട്ടാണ് ഇതിന് കാരണം. സി.പി.എം. ആഭിമുഖ്യമുള്ള സർവീസ് സംഘടനകൾ വഴിയാണ് ഈ വോട്ടുകൾ വന്നത്. സംസ്ഥാനത്ത് എൽ.ഡി.എഫ്., യു.ഡി.എഫ്. വോട്ടുവ്യത്യാസം ഒരുലക്ഷമേയുള്ളൂ. നാലുലക്ഷം വ്യാജ വോട്ടർമാരും ഈ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പോകുന്നില്ല.
വോട്ടുചെയ്താൽ അവർ ജയിലിൽ കിടക്കും. 1480 വ്യാജ വോട്ടുകളാണ് ഉദുമയിലുള്ളത്. ഒരു മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചിത്രം മാറ്റിമറിക്കാൻ ഈ വോട്ടുകൾക്ക് കഴിയും. ഉദുമ പഞ്ചായത്തിലെ വോട്ടർക്ക് പെരിയയിലും കാഞ്ഞങ്ങാട്ടും പള്ളിക്കരയിലും വോട്ടുള്ള വിവരംകൂടി പുറത്തുവിടുമെന്ന് ചെന്നിത്തല അറിയിച്ചു.
കല്ലട്ര അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ, ഹരീഷ് ബി.നമ്പ്യാർ, വി.ആർ.വിദ്യാസാഗർ, എം.സി.പ്രഭാകരൻ എന്നിവർ സംസാരിച്ചു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ സി.ടി.അഹമ്മദലി, കെ.പി.സി.സി. വൈസ് പ്രസിഡൻറ്് അഡ്വ. സി.കെ.ശ്രീധരൻ, ഡി.സി.സി. പ്രസിഡന്റ് ഹക്കീംകുന്നിൽ, മുസ്‌ലിം ലീഗ് പ്രസിഡൻറ്് ടി.ഇ.അബ്ദുല്ല, കല്ലട്ര മാഹിൻ ഹാജി, സാജിദ് മൗവ്വൽ, ധന്യ സുരേഷ്, ഗീതാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.പൈവളിഗെ: രാജ്യത്ത് ബി.ജെ.പി.യുടെ വളർച്ച തടയാൻ കോൺഗ്രസിന് മാത്രമേ കഴിയൂവെന്നും അതിനാൽ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ വിജയിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൈവെളിഗെയിൽ യു.ഡി.എഫ്. കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ്. സ്ഥാനാർഥി എ.കെ.എം.അഷ്റഫ്, രാജ് മോഹൻ ഉണ്ണിത്താൻ എം.പി., ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നിൽ, മഞ്ചുനാഥ ആൾവ എന്നിവർ സംസാരിച്ചു.

COMMENTS