കാഞ്ഞങ്ങാട് : ഗർഭപാത്രത്തിലെ പാടനീക്കൽ ശസ്ത്രക്രിയയ്ക്കിടെ ഗുരുതരാവസ്ഥയിലായ യുവതി മംഗളൂരുവിലെ ആസ്പത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. ചെറുവത്...
കാഞ്ഞങ്ങാട് : ഗർഭപാത്രത്തിലെ പാടനീക്കൽ ശസ്ത്രക്രിയയ്ക്കിടെ ഗുരുതരാവസ്ഥയിലായ യുവതി മംഗളൂരുവിലെ ആസ്പത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. ചെറുവത്തൂർ മടക്കര കാടങ്കോട്ടെ കെ.ടി.നയന (32) ആണ് മരിച്ചത്.
ആശുപത്രി അധികൃതർ ക്കെതിരെ കേസെടുത്തു
മരണത്തെ ത്തുടർന്ന് കാഞ്ഞങ്ങാട് കുശവൻകുന്നിലെ ശശിരേഖ ആസ്പത്രിയിൽ യുവതിയുടെ ബന്ധുക്കളും നാട്ടുകാരുമെത്തിയത് സംഘർഷത്തിനിടയാക്കി. ചൊവ്വാഴ്ച രാവിലെയാണ് യുവതിയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്.
ഗുരുതരാവസ്ഥയിലായതിനെത്തുടർന്ന് ഉടൻ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. അവിടെയെത്തുമ്പോഴേക്കും മരിച്ചിരുന്നു. തുടർന്ന് ഇതേ ആസ്പത്രിയിലേക്കുതന്നെ തിരിച്ചുവന്നു. ചൊവാഴ്ച വൈകിട്ടോടെയാണ് ബന്ധുക്കളും നാട്ടുകാരും സംഘടിച്ചെത്തിയത്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയശേഷം വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈൻ, എസ്.ഐ. കെ.പി.സതീഷ് എന്നിവർ അറിയിച്ചു. തുടർന്നാണ് ആളുകൾ പിരിഞ്ഞുപോയത്.പരവനടുക്കത്തെ കെ.ടി.കരുണാകരന്റെയും സുജാതയുടെയും മകളാണ് നയന. മടക്കര കാടംകോട്ടെ പ്രകാശനാണ് ഭർത്താവ്. മകൾ: ഇശ പ്രകാശ്. സഹോദരൻ: നിതിൻ.
മൃതദേഹം ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി. ബുധനാഴ്ച ഇൻക്വസ്റ്റ് നടത്തി കണ്ണൂർ ഗവ. കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനയക്കുമെന്ന് പോലീസ് അറിയിച്ചു.
മരണകാരണം ഹൃദയാഘാതമെന്ന് വിശദീകരണം
നയന മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് കാഞ്ഞങ്ങാട് കുശവൻകുന്നിലെ ആസ്പത്രി ഉടമ ഡോ. ശശിരേഖ പറഞ്ഞു. ഗർഭപാത്രത്തിലെ പാട നീക്കുന്ന ശസ്ത്രക്രിയയാണ് നടന്നത്. പെട്ടെന്ന് ഹൃദയാഘാതമുണ്ടായി. അവസ്ഥ ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ മംഗളൂരുവിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. പോസ്റ്റ്‌മോർട്ടത്തിൽ ഇക്കാര്യം വ്യക്തമാകുമെന്നും അവർ പറഞ്ഞു.

COMMENTS