പാലക്കാട്: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് അഞ്ച് മാസം മുമ്പ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ യുവാവിന്റെ കുടുംബത്തിനും ജപ്തി നോട്ടീസ...
പാലക്കാട്: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് അഞ്ച് മാസം മുമ്പ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ യുവാവിന്റെ കുടുംബത്തിനും ജപ്തി നോട്ടീസ്. പാലക്കാട് എലപ്പുള്ളിയിലെ സുബൈറിന്റെ കുടുംബത്തിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. പിഴയടച്ചില്ലെങ്കില്‍ സുബൈറിന്റെ മുഴുവന്‍ സ്വത്തുക്കളും ജപ്തി ചെയ്യുമെന്ന് നോട്ടീസും നല്‍കി.
2022 ഏപ്രില്‍ 15നാണ് സുബൈര്‍ കൊല്ലപ്പെട്ടത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നാശനഷ്ടമുണ്ടാക്കിയതിനാണ് ജപ്തി നടപടികള്‍ പുരോഗമിക്കുന്നത്.
ഹൈകോടതിയുടെ നിര്‍ദേശപ്രകാരമാണ് ജപ്തി നടപടികള്‍. എന്നാല്‍ സംഭവത്തില്‍ പോപുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്തവര്‍ക്കും ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. മുസ്‌ലിം ലീഗിന്റെ മലപ്പുറത്തെ പഞ്ചായത്ത് മെമ്പര്‍ക്കും ചെമ്മാട്ടെ കേരള മുസ്‍ലിം ജമാഅത്ത് അംഗത്തിനും ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ട്. നിരപരാധികളെ കുടുക്കുന്ന തരത്തില്‍ ലിസ്റ്റ് തയ്യാറാക്കിയവര്‍ക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം ലീഗ് വെഫെയർ പാർട്ടി എസ് ഡിപി ഐ തുടങ്ങിയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
പോപുലർ ഫ്രണ്ടുമായോ ഹർത്താലുമായോ ഒരു ബന്ധവുമില്ലാത്ത ചെമ്മാട് സി.കെ നഗർ സ്വദേശി പി. മൊയ്തീൻ കുട്ടിയുടെ (62) സ്വത്തുക്കളും റവന്യൂ വകുപ്പ് അധികൃതർ ജപ്തി ചെയതിരുന്നു . കേരള മുസ്‍ലിം ജമാഅത്ത് അംഗമാണ് ഇദ്ദേഹം.
പോപുലർ ഫ്രണ്ടുമായി മുമ്പോ പിമ്പോ ഒരു ബന്ധവുമില്ലാത്ത വ്യക്തിയാണ് താനെന്നും നടപടിയിൽ മാനസിക പ്രയാസമുണ്ടെന്നും മൊയ്തീൻ കുട്ടി പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജപ്തി നടപടികളുമായി തിരൂരങ്ങാടി വില്ലേജ് ഓഫിസറും സംഘവും ഇദ്ദേഹത്തിന്‍റെ വീട്ടിലെത്തിയത്.
നടപടി ആരുടെ ഭാഗത്തുനിന്നുള്ള തെറ്റാണെന്ന് കണ്ടെത്താനാവാതെ മനഃപ്രയാസത്തിലാണ് ഇദ്ദേഹത്തിന്റെ കുടുംബം.
COMMENTS