കാഞ്ഞങ്ങാട് :. ആന്തൂരിൽ കരുത്തുകാട്ടി ബി.ജെ.പി. കരിവെള്ളൂരും കുറുമാത്തൂരുമെല്ലാം യു.ഡി.എഫിനൊപ്പം. കയ്യൂരിലും ചീമേനിയിലും പ്രതീക്ഷിച്ചതിന്റെ...
കാഞ്ഞങ്ങാട് :. ആന്തൂരിൽ കരുത്തുകാട്ടി ബി.ജെ.പി. കരിവെള്ളൂരും കുറുമാത്തൂരുമെല്ലാം യു.ഡി.എഫിനൊപ്പം.
കയ്യൂരിലും ചീമേനിയിലും പ്രതീക്ഷിച്ചതിന്റെ പാതിപോലും വോട്ട് കിട്ടിയില്ല
വടക്കൻ ജില്ലകളിലെ സി.പി.എം. കോട്ടകൾ തകകരുമോ? ബൂത്തുതല വോട്ടുകണക്കിൽ അമ്പരന്നുനിൽക്കുന്നു നേതാക്കളും സജീവ പ്രവർത്തകരും. യു.ഡി.എഫിനോ എൻ.ഡി.എ.യ്ക്കോ ഏജന്റുമാരില്ലാത്ത ബൂത്തുകളിൽപോലും ഇടതുപക്ഷത്തിന് വോട്ടു കുറഞ്ഞു. ഇങ്ങനെ അടിപതറിയ ചരിത്രം ഇടതുപക്ഷത്തിന് ഉണ്ടായിട്ടില്ല. ഇനി എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണമെന്ന് ചിന്തിച്ച് പകച്ചുനിൽക്കുന്നു നേതൃത്വം. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. തൂത്തുവാരിയപ്പോഴും ഇത്രയധികം വോട്ടുകൾ മറിഞ്ഞിട്ടില്ല.
ശബരിമലപ്രശ്‌നവും പെരിയ ഇരട്ടക്കൊലയും രാഹുൽഗാന്ധി ഇഫക്ടുമെല്ലാം പരാജയകാരണമായി കണ്ട് പതിയെ ജനങ്ങൾക്കിടയിലേക്കിറങ്ങുകയാണ് അന്ന് സി.പി.എം. നേതൃത്വം ചെയ്തത്. ഇക്കുറി അങ്ങനെയൊരു വിഷയവുമില്ല. ഭരണവിരുദ്ധ വികാരമാണെന്ന് പറയുമ്പോഴും ഇത്രയധികം വോട്ടുചോർച്ചയോ എന്ന് പരസ്പരം ചോദിക്കുന്നു പ്രവർത്തകർ.
രാവണേശ്വരം, മടിക്കൈ, കയ്യൂർ, ചീമേനി
ഗ്രാമങ്ങളിലെ മിക്ക സി.പി.എം. ശക്തികേന്ദ്രങ്ങളിലും സി.പി.എമ്മിനെ അമ്പരപ്പിച്ച് വോട്ടുചോർച്ചയുണ്ടായി. നെല്ലെടുപ്പ് സമരം നടന്ന രാവണേശ്വരത്തെ ഒന്നിലേറെ പാർട്ടിഗ്രാമങ്ങളിൽ ഇതാദ്യമായി യു.ഡി.എഫിന് ഭൂരിപക്ഷം നൽകി. ചുവന്നകോട്ടയെന്ന് വിശേഷിപ്പിക്കുന്ന മടിക്കൈ ഗ്രാമപ്പഞ്ചായത്തിലെ പല ബൂത്തുകളിലും യു.ഡി.എഫിന് ഭൂരിപക്ഷമുണ്ടായെന്നു മാത്രമല്ല, എൻ.ഡി.എ.യ്ക്കും വോട്ടു കിട്ടി.
പാർട്ടിയുടെ ചരിത്രത്തോടൊപ്പം നടന്ന കയ്യൂരിലും ചീമേനിയിലും മുൻ തിരഞ്ഞെടുപ്പുകളിൽ ഒരു ബൂത്തിൽപ്പോലും യു.ഡി.എഫിന് മേൽക്കൈ ഉണ്ടായിട്ടില്ല. ഇക്കുറി നാല് ബൂത്തുകൾ യു.ഡി.എഫിനൊപ്പം നിന്നു. കയ്യൂർ-ചീമേനി പഞ്ചായത്തിൽ ബി.ജെ.പി.യുടെ പ്രവർത്തനം തീരെയില്ലാത്ത ഇടങ്ങളിൽ അവർക്ക് വോട്ടു ലഭിച്ചു. ഈ പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി 1330 വോട്ടാണ് എൻ.ഡി.എ. നേടിയത്.
കണ്ണൂർ ജില്ലയിലെ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ മിക്കതിലും സി.പി.എം. വോട്ട് യു.ഡി.എഫിലേക്കൊഴുകി. കരിവെള്ളൂർ സമരം നടന്ന കുണിയൻ പ്രദേശത്ത് എൻ.ഡി.എ.യ്ക്ക് 172 വോട്ട് കിട്ടിയത് അക്ഷരാർഥത്തിൽ സി.പി.എം. കേന്ദ്രങ്ങളെ നടുക്കി. കരിവെള്ളൂർ പഞ്ചായത്തിലെ പാർട്ടിയുടെ കരുത്തായ പെരളം, കുണിയൻ, കൂക്കാനം കൊഴുമ്മൽ എന്നിവിടങ്ങളിലെല്ലാം യു.ഡി.എഫിന് വോട്ടു കൂടി. ഈ പഞ്ചായത്തിൽ 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് കിട്ടിയത് 10,810 വോട്ടാണ്. 1500-ലധികം വോട്ട് ഇക്കുറി കുറഞ്ഞു. അതേസമയം യു.ഡി.എഫിന് കഴിഞ്ഞതവണ കിട്ടിയതിനേക്കാൾ 324 വോട്ട് കൂടി.
കമ്യൂണിസ്റ്റ് പാർട്ടിയുടെ സമരചരിത്ര ഏടിൽ ഇടംപിടച്ച മൊറാഴ ഉൾപ്പെട്ട ആന്തൂർ പഞ്ചായത്തിൽ 2019-നെ അപേക്ഷിച്ച് ഇടതുപക്ഷത്തിന് 829 വോട്ടാണ് ഇക്കുറി കുറഞ്ഞത്. ഇവിടെ യു.ഡി.എഫിനും വോട്ടുകുറഞ്ഞു. സി.പി.എം. ഞെട്ടിയത് ഈ പാർട്ടി ഗ്രാമത്തിൽ എൻ.ഡി.എ. യ്ക്ക് 1204 വോട്ട് കൂടുതൽ കിട്ടിയെന്നറിഞ്ഞപ്പോഴാണ്. കുറുമാത്തൂരിൽ 1258 വോട്ടിന്റെയും പരിയാരത്ത് 505 വോട്ടിന്റെയും മുൻതൂക്കം യു.ഡി.എഫിനാണ്.
വടകര ലോക്‌സഭാ മണ്ഡലത്തിൽ തലശ്ശേരി നിയമസഭാ മണ്ഡലം മാത്രമാണ് എൽ.ഡി.എഫിനൊപ്പം നിന്നത്. കഴിഞ്ഞതവണത്തേക്കാൾ ഭൂരിപക്ഷം കുറഞ്ഞതിനാൽ അവിടെയും ഇടതു കോട്ടകളിൽ വിള്ളലുണ്ടായെന്നർഥം. പാട്യവും മൊകേരിയുമുൾപ്പെടെ സി.പി.എമ്മിന്റെ കോട്ടകൾ ഉൾപ്പെടുന്ന കൂത്തുപറമ്പ് മണ്ഡലത്തിൽ ഇക്കുറി പതിനൊന്നായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് നൽകിയത്.
അടുത്ത ദിവസം മുതൽ ബൂത്തുതല കണക്കിലേക്കിറങ്ങാനാണ് സി.പി.എം. തീരുമാനം. രൂക്ഷമായ തൊഴിലില്ലായ്മ, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തുടങ്ങി വോട്ടുചോർച്ചയ്ക്കുള്ള കാരണങ്ങളിലേക്കു സി.പി.എം. നേതൃത്വം പ്രാഥമികമായി കടന്നു ചെല്ലുന്നുണ്ടെങ്കിലും അരിവാൾ ചുറ്റിക നക്ഷത്രം കണ്ടാൽ രണ്ടാമതൊന്നാലോചിക്കാതെ വോട്ട് ചെയ്യുന്നതിൽനിന്ന് അണികൾ മാറിത്തുടങ്ങിയിട്ടുണ്ടെന്ന ബോധ്യത്തിലേക്കു നേതൃത്വമെത്തുന്നു.

COMMENTS